26 February 2010

ഒരു പറവ ( കഥ)




ഒരു പറവ ( കഥ)

നമ്മുടെ മദ്ധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ഷാപ്പുകളിലെയും ഒഴിച്ചുകൂട്ടാന്‍ ക്ഷമിക്കണം ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത വിഭവം ആണു 'പറവ'. ഒരിക്കല്‍ ചങ്ങനാശ്ശേരിയിലെ ഒരു ഷാപ്പില്‍ നിന്നും ഇത്തിരി ഇളം കള്ളടീക്കണം എന്നു കരുതി കണ്ണനും ഞാനും രാജാവിന്ടെ മകനെയും കണ്ടിട്ടു വരുന്നവഴി കയറി. കണ്ണന്‍ പറഞ്ഞു നായര്‍ ഇവിടെ നല്ല പറവ കിട്ടും എന്നു. ഞാനാണെങ്കില്‍ കള്ളുകുടീയില്‍ പ്രാധമികം പോലും കഴിയാത്ത പയ്യന്‍ . എനിക്കു മനസിലായില്ല എങ്കിലും പറഞ്ഞു പോറട്ടു ഓരോന്നു എന്നു. കഴിച്ചപ്പോള്‍ നല്ല രുസി. പിന്നെ പിന്നെ ഇതൊരു സ്ഥിരം ഏര്‍പ്പടായി. ഏതെങ്കിലും ഷാപ്പില്‍ ചെന്നാല്‍ പറവ ഇല്ലേല്‍ അതൊരു സ്റ്റാറ്റസ് ഇല്ലാത്ത ഷാപ്പ് ആണു എന്നു കരുതി അവീടെ കേറതെ പോരുക ഞാന്‍ ശീലമാക്കി. മുറ്റത്തെ മുല്ലക്കു മണമില്ല എന്നു പണ്ടൊരു മഹാന്‍ പറഞ്ഞപോലെ നമ്മുടെ അടുത്തുള്ള ഒരു ഷാപ്പ്, അതെ നമ്മുടേ ഷെയിക്കന്‍ എന്ന മഹാപുരുഷന്ടെ ഷാപ്പു തന്നെ.



ഒരിക്കല്‍ ഞാന്‍ ഷെയിക്കനോടൂ പറഞ്ഞു ഷെയിക്കാ താന്‍ മാത്രം ഈ പറവ എന്താ ടച്ചിം ഗ്സ് ആയി തരാത്തെ എന്നു. അടുത്തദിവസം പറവ റെഡി. അങ്ങനെ മുറ്റത്തെ മുല്ലക്കു മണം വന്നു തുടങ്ങി. ഒരിക്കല്‍ ഇത്തിരി മുള്ളിയേക്കാം എന്നു കരുതി ഷാപ്പിന്ടെ പുരകില്‍ ചെന്ന എനിക്കു അവിടം മുഴുവന്‍ കറുത്ത പറവതാനി വിരിച്ചപോലെ തോന്നി. പിറ്റേന്നു പകല്‍ ഇതെന്തെന്നു മനസ്സിലാക്കാന്‍ ശ്രമിച്ച ഞാന്‍ ഒന്നു ഞെട്ടി ഒപ്പം കാ കാ എന്നു കരഞ്ഞൊ എന്നു എനിക്കു ഇന്നും സംശയം ഇല്ലാതില്ല. കുട്ടികളാരെങ്കിലും ഇപ്പോള്‍ കാക്കെ കാക്കെ കൂടെവിടെ എന്ന പാട്ടു പാടുമ്പോള്‍ എനിക്കൊരു സം ശയം ഉണ്ടാകാറുണ്ടൂ അത് എന്നെ ആണൊ എന്നു.

----------------------------------

മാഷെ എന്നിട്ടും മനസിലായില്ലെ, ആ ഷെയിക്കന്‍ പറവ എന്നും പറഞ്ഞു ഉള്ള കാക്കെ കൊന്നു പറവ ആക്കുവാരുന്നു.----ഇതു തികച്ചും സാങ്ക്ല്പികം മാത്രം - ഏതോ ഒരു സിനിമയില്‍ കാക്കബിരിയാണി കഴിക്കുന്ന കോമഡി കണ്ട ഓര്‍മ്മ പുതുക്കി എന്നു മാത്രം

25 February 2010

ദേവീമാഹാത്മ്യം

























ഓതറ എന്ന ഗ്രാമത്തിലെ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവീകഥകള്‍ പലതും പറഞ്ഞു കേള്‍ക്കുന്നു. എന്ടെ അനുഭവത്തില്‍ ഉള്ള ഒരു കഥ ഞാന്‍ ഇവിടെ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
__________________________________________
ഓതറ ദേവിയുടെ ഇഷ്ടവഴിപാടാണു കാലന്‍കോലം എന്ന കാലാരിക്കോലം . തുള്ളക്കാരനു ആദായവും അതാണു. മുണ്ടും നെര്യതും ഒപ്പം കുറഞ്ഞതു 250 രൂപായെങ്കിലും ദക്ഷിണയും . ഒരു ദിവസം കുറഞ്ഞതു 40-50 കാലാരിക്കോലം എങ്കിലും കാണും . ഞാന്‍ അധികം നീട്ടുന്നില്ല.

അതാണു പാച്ചുപിള്ള, ഒരു തൊപ്പിക്കുട തലയില്‍ വെച്ചു ചാലിന്ടെ വരമ്പില്‍ നിന്നും വല വീശുന്ന ആ മനുഷ്യന്‍ ഒരു പടയണിക്കാരന്‍ കൂടിയാണു. ഓതറ ദേവിയുടെ പ്രധാന ഉത്സവദിവസം (28 ദിവസമാണു ഇവിടെ ഉത്സവം ) കാലാരിക്കോലം ഈ മനുഷ്യനാണു എടുക്കുന്നത്. അതൊരു നിയ്യോഗം പൊലെ വാസുപിള്ളചേട്ടനുമായി മത്സരിച്ചു അദ്ദേഹം ചെയ്തുപോന്നു. അന്നു സന്ധ്യ ആയപ്പോള്‍ ആരൊ പറഞ്ഞു കൊച്ചാട്ടാ ഇന്നു കവുങ്ങുപിഴും (ഇവിടുത്തെ കൊടിമരമാണു കവുങ്ങു, അതു നടക്കലെ ആലില്‍ ചരിനിര്‍ത്തുക യാണൂ ചെയ്യുക) വലവീശല്‍ മതിയാക്കി പിടിച്ചമീന്‍ നാണൂപുലയനു കൊടുത്തിട്ട് തോട്ടില്‍ മുങ്ങിനിവര്‍ന്ന പാച്ചുപിള്ള വീട്ടിലേക്കൊരു കുതിപ്പായിരുന്നു.
******
ആ കാലുകള്‍ ചെണ്ടമേളത്തിനനുസരിച്ചു ചലിച്ചുകൊണ്ടിരുന്നു. നാട് ഉണര്‍ന്നു. ദേവിയുടെ തിരുനടയിലേക്കു കവുങ്ങും താങ്ങി ആര്‍പ്പൊ ഹിയ്യൊ വിളികളുമായി ആള്‍ക്കാര്‍ ഓടുകയാണ്. മുന്നില്‍ ഓടുന്ന അടവിയെ എല്ലാവരും ചൂട്ടിന്ടെ വെളിച്ചത്തില്‍ പിന്‍തുടരുകയാണു. ക്ഷെത്രമുറ്റം ജനസമുദ്രമായി...................അന്നു മീനമാസത്തിലെ തിരുവാതിര, വരട്ടാറിന്റെ കരയില്‍ ദേവിയുടെ മുന്പില്‍ വലിയകോലം (ഇതു ഇവിടുത്തെ മാത്രം  കോലം ആണു ആയിരത്തിഒന്നു പാളയില്‍ ദേവിയുടെ രൂപം വരച്ചു ചട്ടത്തില്‍ അതു ഉയര്‍ത്തി ദേവീ സന്നിധിയിലേക്കു ആര്‍ഭാടപൂര്‍വ്വം കൊണ്ടുവരും)

പടയണിയെക്കുറിച്ചു ഞാന്‍ എഴുതുന്ന പുസ്തകത്തിന്ടെ പുറം ചട്ട


ഈ വര്‍ഷം പാച്ചുപിള്ളക്കു കേവായിരുന്നു പത്മാവതിയമ്മ പറഞ്ഞു, കോലം 40 അല്ലെ തുള്ളിയതു. ശരിയാണു ആ വര്‍ഷം പാച്ചുപിള്ള ശരിക്കും പടയണീകൊണ്ടു കാശുണ്ടാക്കി, കോലങ്ങള്‍ അനവധി തുള്ളി. കീശനിറയെ പണം . പണം വന്നാല്‍ തുള്ളിയടിക്കുക പണ്ടേ പാച്ചുപിള്ളയുടെ സ്വഭാവം പിന്നതിന്നു മാറുമോ. തുള്ളി എന്നതു തൊള്ളനിറയെ പള്ളനിറയെ ആയി, ദേവി സ്വന്തം ആളായി, ദേവിയെ അവള്‍, വല്യമ്മ എന്നൊക്കെ പറഞ്ഞുതുടങ്ങിയ പാച്ചുപിള്ള നല്ല ഫോമിലായി, ഫോമിലായപ്പോള്‍ അവള്‍ മറ്റുപലതുമായി, പുലയാട്ടായി. ആരുപറയാന്‍ അല്ലെങ്കില്‍ ആരുപറഞ്ഞാല്‍ ആണു കേള്‍ക്കുക. പാച്ചുപിള്ള കാലന്‍ കോലം അണിയുകയാണു , ഒപ്പം പിച്ചും പേയും പറയുന്ന കേട്ടു വാസുപിള്ള പറഞ്ഞു കൊച്ചാട്ട വയ്യെങ്കില്‍ ഞാന്‍ തുള്ളാം ആരു കേള്‍ക്കാന്‍. കാലില്‍ ചിലമ്പണിഞ്ഞു പട്ടുടുത്തു പച്ചയിട്ടു, തൊഴുതുനിവര്‍ന്നു. കോലം തലയിലേറ്റി, വാളും പന്തവും വാസുച്ചേട്ടന്‍ കൈമാറി. ചെണ്ടമേളം മുഴങ്ങി, അവതാളം കണ്ടു പലരും ചിരിച്ചു. കോലം കളത്തിലെത്തി തപ്പില്‍ നിന്നും മേളം മുഴങ്ങി. ഒരുവിധം ഉരലില്‍ കയറീ പ്രദക്ഷിണം വെച്ചു, ചാടിയിറങ്ങി ക്ഷേത്ര വലം വെച്ചു. പന്തം വാള്‍ ഇവ ഓരോന്നായി വാങ്ങി, കോലം ഒരു വിധം കളം വിട്ടു. കിഴക്കുനിന്നും വെടി മുഴങ്ങി വലിയ ഭൈരവി തയ്യാറായി എന്ന സൂചന, പാച്ചു ചേട്ടന്‍ തലയില്‍ വെച്ച കാലാരിക്കോലം അതിന്ടെ മുകളില്‍ എത്തണം എന്നാലെ കോലം പുറപ്പെടു, പാച്ചുപിള്ള കൊലം ഊരി ഒരേര്‍ എന്നിട്ടു വല്യമ്മ എന്ന പ്രയോഗം മാറി-പകരം ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്ടെ നിഘണ്ടുവില്‍ പോലും ഇല്ലാത്ത മറ്റെന്തൊ പദങ്ങള്‍ , ആള്‍ക്കാര്‍ കരുതി ഇതെന്താ ഈ കൊച്ചാട്ടന്‍ ഇങ്ങനെ. അന്തരീക്ഷം ഭക്തി മുഖരിതമായി, എല്ലാവരുടെയും കണ്ണുകള്‍ കിഴക്കോട്ടായി. ആയിരത്തി ഒന്നു പാളയില്‍ തീര്‍ത്ത വലിയ ഭൈരവി , നൂറ്റിയൊന്നു പന്തങ്ങളുടെ വെളിച്ചത്തില്‍ ദാരിക നിഗ്രഹം കഴിഞ്ഞു കലിയടങ്ങാതെ തുള്ളിയ്യുറഞ്ഞു ഭദ്രയെപ്പോലെ കിഴക്കുനിന്നും ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. നൂറു കണക്കിനു ചൂട്ടുകറ്റകളുടെയുമ് , തീവട്ടികളുടെയും അകമ്പടിയോടെ അതു ക്ഷേത്രത്തോടടുത്തു കൊണ്ടിരുന്നു ലൈറ്റുകളെല്ലാം അണഞ്ഞു. അകലെ  താലപ്പൊലി, ആര്‍പ്പുവിളികള്‍ , ഇടതടവില്ലാതെ കതിനകള്‍ , പൂത്തിരികള്‍ ഈ 4 മണിയായപ്പോള്‍ അതാ മറ്റൊരു സൂര്യന്‍ എന്നപോലെ വലിയ കോലം (വല്യ ഭൈരവി) 1001 പാളയില്‍ തീര്‍ത്ത ഗണകരുടെ കലാവിരുത്. ആ നാടിന്ടെ അഭിമാനമായി 101 പന്തം ഐശ്വര്യത്തോടെ കത്തിനില്‍ക്കുന്നു. പാച്ചുപിള്ള എടുത്തെറിഞ്ഞ ആ കാലാരിക്കോലം ഏറ്റവും മുകളില്‍ . ചട്ടത്തില്‍ ബന്ധിച്ച വടം കരക്കാര്‍ ഉത്സഹത്തോടെ വലിക്കുന്നു. വര്‍ണ്ണനാതീതമായ ആ ഐശ്വര്യം, ദേവി നീരാട്ടു കഴിഞ്ഞെഴുന്നള്ളുകായാണു എന്നെനിക്കു തോന്നിപ്പോയി. പാച്ചുപിള്ള പെട്ടെന്നു ഞെട്ടിയെഴുനേറ്റു. അകലെ വലിയ ഭൈരവി ദാരിക നിഗ്രഹത്തിനു പോയ ദേവിയെ ഓര്‍മ്മിപ്പിക്കും വണ്ണം അതാ കളത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു. മദ്യത്താല്‍ കാലുകളുറപ്പിക്കാന്‍ കഴിയാത്ത പാച്ചുപിള്ള അതാ വടത്തില്‍ പിടിക്കാനായ് ഒരു കുതിപ്പ്, കാലിടറി താഴെവീണ പാച്ചുപിള്ളയുടെ ഒരു കാലില്‍ വല്യ ഭൈരവിയുടെ ഒരു ചാടു കയറിയിറങ്ങി, ഒരു നിമിഷം ആളൂകള്‍ സ്തബ്ദരായ്, ഒരു വിധം പിള്ളയെ വലിച്ചു മാറ്റി, ഒരു നിമിഷ വെത്യസത്തില്‍ മറ്റെ കാല്‍ രക്ഷപ്പെട്ടു. കളത്തില്‍ നിന്നും പാട്ടുകള്‍ അപ്പോഴേക്കും തുടങ്ങിയിരുന്നു...




കളിച്ചുവന്നേ.......ഈ കളത്തില്‍ .......
പൂജകൊള്‍ കാ.......ഭഗവതിയെ........
....................................................
പിഴ്കളെല്ലാം പൊറുത്തുകൊണ്ടേ......
അനുഗ്രഹിക്കാ...ഭഗവതിയേ..............

അപ്പോഴും പാച്ചുപിള്ളയുമായി ആ കാര്‍ മെഡിക്കല്‍ കോളജ് ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു.
*******
പാച്ചുപിള്ളക്കു ഒരു കാല്‍ നഷ്ടമായി, അയാള്‍ ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തി, നാട്ടുകാരുടെ ഒരു നീണ്ട നിര ആശ്വാസം , കുറ്റപ്പെടുത്തലുകള്‍ എല്ലാം പെട്ടെന്നു അവസാനിച്ചു, പാച്ചുപിള്ള തനിച്ചായി. അതുകൊണ്ടൊന്നും ദേവീകോപം തീരില്ല എന്നാണു നാട്ടുകാരുടെ മതം . അതു ശരിയായിരുന്നു, എല്ലാവരെയും അത്ഭുതപ്പെടുത്തിയതു ഇതായിരുന്നു, എല്ലാ വര്‍ഷവും പടയണി ആകുമ്പോള്‍ പാച്ചുപിള്ള ആശുപത്രിയില്‍ ആകും കാരണം കാലില്‍ പഴുപ്പു. അങ്ങനെ വര്‍ഷങ്ങള്‍ പലതു കടന്നു പോയി, ഒരിക്കല്‍ മലയാള മനോരമയില്‍ അവശകലാകാരനു സഹായമഭ്യര്‍ദ്ധിച്ചു ഒരു പരസ്യം കണ്ടപ്പോള്‍ സത്യത്തില്‍ എവിടെയൊ ഒരു നൊമ്പരം - ഇന്നു പാച്ചുപിള്ളച്ചേട്ടന്‍ ഇല്ല. അദ്ദേഹത്തിന്ടെ ആത്മാവു ഇപ്പോള്‍ പടയണീ കാണുന്നുണ്ടാകുമോ, ആവൊ ആര്‍ക്കറീയാം .

ഈ വരുന്ന March 24 നു ഓതറ പടയണി സമാപനം ആണു, അന്നാണു വലിയ ഭൈരവി.


കുറിപ്പു:

കുട്ടിക്കാലം മുതല്‍ ക്ഷേത്രവും ഉത്സവങ്ങളും എന്ടെ ഒരു വീക്ക്നസ് ആയിരുന്നു. ഓതറ ദേവിയുടെ ഉത്സവം പടയണി ആണു. എന്ടെ അപ്പൂപ്പന്‍ ഒരു പടയണിക്കാരന്‍ ആയിരുന്നു. പണ്ട് പടയണി അഞ്ചു കുടുംബക്കാര്‍ ആണു നടത്തിയിരുന്നതു, അതില്‍ ഒന്നു ഞങ്ങളുടെ കുടുംബം ആയിരുന്നു (നക്കര). ഇന്നു പടയണി ക്ഷേത്രം വക ആണു. തുള്ളല്‍ക്കാര്‍ക്കു ദക്ഷിണ മുഖ്യമായപ്പോള്‍ പടയണി അതിന്ടെ ശോച്യാവസ്തയില്‍ എത്തി എന്നു വേദനയോടെയാണെങ്കിലും പറയാതെ വയ്യ. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ കണ്ട ആ ഒരു പടയണി ദ്രശ്യം ഇന്നു എങ്ങും കാണാനെ ഇല്ല. ആള്‍ക്കാര്‍ കാലയക്ഷി തുള്ളുന്നവര്‍ക്കു ചുറ്റും വല പിടിച്ചിരിക്കുകയാണു, ആളുകള്‍ പിറുപിറുക്കുന്നു 'വലപൊട്ടിച്ചാല്‍ കാലയക്ഷി കാവിലേക്കു കയറിപോകും , പിന്നെ അവരെ കാണാന്‍ പോലും പറ്റില്ല' എന്നും മറ്റും.

****അമ്മേ ശരണം ദേവീ ശരണം പുതുക്കുളങ്ങരെ അമ്മേ ശരണം *****

24 February 2010

നിള (കവിത)














നിള (കവിത)

പറയും കഥകള്‍ മണല്‍ തിട്ടപോലുമീ

കഥനത്തിന്‍ നിഴല്‍ വീണ കഴിഞ്ഞകാലം
ഒഴുകുന്നു നിളയിന്നും തെളിവാര്‍ന്ന ജലത്തിന്ടെ
അടിത്തട്ടിലൊളിക്കുന്ന നിണമകറ്റാന്‍

ഒരുനാളില്‍ ഒരുപിടി മനുജാതിയിത്തീരെ
പിടയുന്ന ഉടല്‍ വിടാന്‍ കിണഞ്ഞതോര്‍ത്തു
ഒഴുകുന്നു പുഴയിന്നും കരള്‍ വിങ്ങി വേദനയാല്‍
കനലാകും ഓര്‍മ്മയെ കടലിലാക്കാന്‍

പുതുമനയിലമ്മതന്‍ ഇടനെഞ്ചുപൊട്ടുന്നു
കണ്‍തടം ഇന്നും നിളയെനിറക്കുന്നു
നിണം വീഴ്ത്തി ആരുടെയൊ നിഴലായ ജന്മങ്ങള്‍
നിലനില്‍പ്പിനൊരുതുണതേടാന്‍ കഴിയാത്തോര്‍

അമ്മിഞ്ഞനല്‍കിയ അമ്മ തന്മകനായി
അവസാന അന്നം പകുത്തുനല്‍കി
വിറയാര്‍ന്ന കരമന്നു ശിരസ്സില്‍ പതിച്ചപ്പോള്‍
നിറയുമാമിഴിയിലും ഒരുനിളയൊഴുകി

തുടരുന്നു മാമാങ്കം ഇന്നും തിളക്കുന്ന
നിണമുള്ള യൌവ്വനം പേറുന്ന പുതുമനയില്‍
ഒരുനാളില്‍ ഉയരുമാകാറ്റില്‍ നിലംപറ്റും മേല്‍ക്കോയ്മ
തകരും അരുതാത്ത കറതീര്‍ക്കും ആചാരം

സ്നേഹം (കവിത)


കുഞ്ഞായ നാളില്‍ ഞാനൊരു
പൂമെയ്യില്‍ തൊട്ടപ്പോള്‍
എങ്കവിളില്‍ നല്കി അവളും
പൊന്നുമ്മയൊന്നന്ന്

ബാല്യത്തിന്‍ പടിവാതില്‍
ചാരിഞാന്‍ നില്ക്കുമ്പോള്‍
കുളിരോടാ പൂമെയ്യില്‍
ഒരുമാത്ര തൊട്ടുവെറുതെ

നാണത്തിന്‍ തിരിനാളം
നീളത്തില്‍ മുഖത്തിട്ട്
പാവത്തെപോലെയവളും
നാണത്താല്‍ ചേര്‍ന്നുനിന്നു

കാലത്തിന്‍ ഗതിവേഗാല്‍
കൌമാരം കടന്നപ്പോള്‍
കാണാതെ ചേര്‍ത്തുനിര്‍ത്താന്‍
കാമവും കൂടെയെത്തി

30 October 2009

എന്ടെ പ്രേമനൈരാശ്യങ്ങള്‍ (നര്‍മ്മം )




പ്രേമം -1


ഒന്നാം ക്ലാസില്‍ വെച്ച് എനിക്കു പ്രേമം തുടങ്ങി . ക്ലാസില്‍ സുന്ദരിയും പടിക്കാന്‍ മുന്‍പിലും ഒപ്പം ഡാന്‍സും കളിക്കുന്ന അവളെ എനിക്കിഷ്ടമായിരുന്നു, കാരണം എന്നെക്കുറിച്ചു എനിക്കു ബോധം കുറവായിരുന്നു എന്നര്‍ദ്ധം . ഇനി എന്നെക്കുറിച്ചു പറയാം ക്ലാസില്‍ സൌന്ദര്യം ഒട്ടുമില്ലാത്തവന്‍ , പടിക്കാന്‍ ഏറ്റവും പുറകില്‍ ഇരിക്കുന്നതും പുറകില്‍ . 4-ം ക്ലാസില്‍ ഈ പ്രേമം അവസാനിച്ചു. കാരണം എന്തെന്നല്ലെ ഞങ്ങളുടെ കോളാട്ടില്‍ സ്കൂളിനു ഒരു മൂത്രപുരയെ ഉള്ളു, അങ്ങോട്ടു പോകുമ്പോള്‍ ഞാന്‍ അവളെ ഒന്നു ഉമ്മവെക്കാന്‍ ശ്രമിച്ചു, കാര്യം വര്‍ഷം ഇത്രയും ആയെങ്കിലും അന്നു അഛന്‍ ആ പുളിങ്കമ്പുകൊണ്ടടീച്ച അടിയുടെ വേദന ഇന്നും കൈയിലും തുടയിലും ഉണ്ടെന്നു തോന്നുന്നു.

പ്രേമം -2

എന്തായാലും അഞ്ചാം ക്ലാസിലേക്കു എനിക്കു കയറ്റം കിട്ടി. അപ്പോഴേക്കും കൈയ്യിലെ മുറിവു കരിഞ്ഞിരുന്നു. അടുത്തിരിക്കുന്ന അം ബികയോടും എനിക്കൊരടുപ്പം തോന്നാതിരുന്നില്ല, എന്തോ കൈയ്യിലേയും തുടയിലേയും പാടുകള്‍ എന്നെ വിലക്കിയപോലെ തോന്നി. അടുത്തദിവസം അംബിക എന്നെ നോക്കി ചിരിച്ചു, ഞാനും . അവിടെ വേദനകള്‍ മറന്നു, പ്രേമം പൂവിട്ടു, ഒരു കത്തെഴുതി അവള്‍ക്കു കൊടുത്തു, അവള്‍ അതു സന്തോഷത്തോടു സ്വീകരിച്ചു, ഞാന്‍ സ്വപ്നങ്ങളില്‍ പാറി നടക്കുമ്പോള്‍ അവള്‍ അതു ഭദ്രമായി അമ്മയെ ഏല്‍പ്പിച്ചു. അവളുടെ അമ്മ സ്നേഹത്തോടെ എനിക്കൊറു കത്തെഴുതി അവളുടെ വശം കൊടുത്തയച്ചു. അവള്‍ നീട്ടിയ കത്തു വാങ്ങുമ്പോള്‍ ഉണ്ടായ വികാരം പിറ്റേന്നാവളെ കണ്ടപ്പോള്‍ എനിക്കുണ്ടായില്ല.

പ്രേമം -3

പിന്നീടു രണ്ടു വര്‍ഷം പ്രേമം എനിക്കന്ന്യമായിരുന്നു. വികാരം നഷ്ടമായ ഒരു വികാരിയെപോലെ ഞാന്‍ പടിച്ചുപോന്നു. എട്ടാം ക്ലാസിലേക്കു കയറ്റം കിട്ടിയപ്പോള്‍ എന്തൊക്കെയോ ഒരു ധൈര്യം ഉണ്ടായപോലെ. കൈയ്യില്‍ ഇത്തിരി പണവും ഉണ്ടു (അതു വീട്ടിലെ കശുവണ്ടി മാന്യമായി മോഷ്ടിച്ചു ദാന്യേല്‍ മാപ്പിളേടെ കടയില്‍ രഹസ്യമായി വിറ്റവകയില്‍ ഉള്ളതൊന്നും അല്ല കേട്ടോ) . ശാരദാമ്മ സാറിന്ടെ മോളാണു രമ്യനായര്‍ എന്നു അന്നെനിക്കറിയില്ലായിരുന്നു. ഒരു അന്‍ പതു പൈസായുടെ ഐസുമുട്ടായി അവള്‍ക്കു ഞാന്‍ വാങ്ങികൊടുത്തപ്പോള്‍ അവള്‍ നന്ദിസൂചകമായി എന്നെ ചിരിച്ചുകാട്ടി. പ്രേമം ഇത്ര കോസ്റ്റലി ആണെന്നു പിന്നീടാണെനിക്കു ബോദ്ധ്യമായതു. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും കശുവണ്ടി തീര്‍ന്നു. ചമ്പന്‍ പറിക്കാന്‍ വരുന്ന ചാത്തനെ രഹസ്യമായി ഒന്നു കാണാന്‍ തീരുമാനിച്ചു. അഛന്‍ വീട്ടില്‍ ഇല്ലാത്തസമയം നോക്കി പക്കുപറിക്കാം എന്ന എഗ്രിമെന്‍ടില്‍ ചാത്തന്‍ 2 രൂപ തന്നു. പക്ഷേ 50 രൂപയുടെ ചമ്പന്‍ ചാത്തന്‍ അടിച്ചോണ്ടുപോകും എന്നു ഞാന്‍ കരുതിയില്ല.(പാക്കു വിളയുന്നതിനു മുന്പു ചമ്പന്‍ എന്നാണു ഞങ്ങളുടെ നാട്ടില്‍ പറയുക) രണ്ടുരൂപ തീര്‍ക്കാന്‍ പെണ്ണിനു രണ്ടുദിവസം തികച്ചു വേണ്ടിവന്നില്ല. ഇനിയും എന്തു എന്നു ഓര്‍ത്തു വിഷമിച്ചു നില്‍ക്കുമ്പോള്‍ രക്ഷാദൂതനെപോലെ ബോബി കടന്നു വന്നു, എനി ബോബി ആരാന്നല്ലെ, 1-ം ക്ലാസില്‍ പടിപ്പിച്ച തങ്കമ്മ ടിച്ചറിന്ടെ മോന്‍ , അവന്ടെ അഛന്‍ അമേരിക്കയില്‍ , പോക്കറ്റ് മണി കിട്ടുന്ന ഭാഗ്യവാന്‍ . കാര്യം പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു നാളെ നമുക്കു പരിഹാരം ഉണ്ടാക്കാം എന്നു. പിറ്റേന്നു ബോബിക്കൊപ്പം ഐസു തിന്നുന്ന രമ്യേ കണ്ടപ്പോള്‍ ഞാന്‍ ഒന്നു മനസ്സിലാക്കി ഇതും പൊളിഞ്ഞിരിക്കുന്നു.

പ്രേമം -4

പിന്നീടു പ്രീഡിഗ്രിക്കു പടിക്കുമ്പോള്‍ മാലിനിയുമായും ഞാന്‍ പ്രേമത്തിലായി. പ്രേമം തളിര്‍ക്കാനും പൂവിടാനും അതികം സമയം വേണ്ടല്ലൊ, അന്നു ഞാന്‍ ഭയങ്കര സുന്ദരന്‍ ആണു കേട്ടൊ (ഫോട്ടൊ ആരും കാണില്ല എന്ന ധൈര്യത്തില്‍ ആണു പറഞ്ഞതു കേട്ടൊ) . ആ സ്നേഹമായിരുന്നു ആത്മാര്‍ദ്ധമായുള്ളസ്നേഹം എന്നു മനസിലാകാന്‍ ഒത്തിരി വൈകിപ്പോയിരുന്നു, നീട്ടുന്നില്ല കാര്യം പറഞ്ഞു നിങ്ങടെ ബോറടിയങ്ങു മാറ്റാമ്. രണ്ടുമൂന്നനുഭവങ്ങളുള്ള ഏതൊരാളും ചെയ്യുന്നതേ ഞാനും ചെയ്തുള്ളു. അതേ ക്ലാസില്‍ ഉള്ള സിന്ദുവും സുന്ദരിയായിരുന്നു, ഞാന്‍ അവളെയും രഹസ്യമായി പ്രേമിക്കാന്‍ തീരുമാനിച്ചു, ഒന്നു പോയാല്‍ ഒന്നു എന്ന ഒറ്റ ചിന്തയെ എനിക്കുണ്ടായിരുന്നുള്ളു. ഇവര്‍ പരസ്പരം എന്നെ പരിചയപ്പെടുത്താന്‍ വരും എന്ന ചിന്ത എനിക്കു ഉണ്ടായിരുന്നേയില്ല. പിറ്റേന്നു മണ്ടയില്‍ കെട്ടുമായി കോളേജില്‍ എത്തിയ എന്ടെ മണ്ടയില്‍ പ്രേമം എന്ന വികാരം ലേശം പോലും ഉണ്ടായിരുന്നില്ല.

പ്രേമം -5 (അവസാന പ്രേമം )

അതു തുടങ്ങിയതേയുള്ളൂ , ഭം ഗിയായി മുന്നോട്ടു പോകുന്നു---പിന്നെ പറയാം കേട്ടൊ

28 October 2009

കൊന്ന ചതിക്കുമോ ചേട്ടാ (നര്‍മ്മം )


ഗോയല്‍ ബ്രിജ്വിഹാറിലെ ഒരു കച്ചകപടക്കാരനാണ്, ക്ഷമിക്കണം കച്ചവടക്കാരനാണു. പച്ചക്കറി കച്ചവടം എന്നു പറയുന്നതാവും ഉചിതം. ആ മാന്യദേഹത്തിനു പറ്റിയ ഒരു അമിളീ ഇവിടെ പ്രതിപാദിക്കുന്നു. മാന്യവായനക്കാര്‍ക്കു രസിക്കും എന്ന വിശ്വസത്തോടെ.


ഓണം പോലെ മലയാളിക്കു വിശേഷപ്പെട്ട എന്തുത്സവം വന്നാലൂം ഈ മഹാന്‍ അതു മണത്തറിഞ്ഞു ചക്കയും ചേമ്പും പടവലങ്ങയുമ്, കാച്ചില്‍ എന്നുവേണ്ട മദ്രാസികളുടെ വീക്കനസ് ആയ എല്ലാം തന്ടെ കടയില്‍ എത്തിക്കുന്നതില്‍ ഒരു പ്രത്യേക കഴിവു ഇദ്ദേഹത്തിനുണ്ടൂ. മാന്യരായ മലയാളികള്‍ ഇവന്ടേ ഈ മുതലാക്കല്‍ (അധികവില ) കൊണ്ടൂ പൊറുതിമുട്ടി. ഇവനൊരു പണിയെങ്ങനെ കൊടുക്കും എന്നു കരുതിയിരിക്കുമ്പോള്‍ എനിക്കൊരു ബുദ്ധി തോന്നി, ഞാനതു പ്രയോഗിച്ചു നോക്കി. സംഗ്ഗതി ഏറ്റു. ഈ വിഷുവിനാണൂ അതു നടന്നതു. വിഷുവിനു ഇവിടെ കൊന്നപ്പൂ കിട്ടാന്‍ പ്രയാസമാണൂ, കിട്ടിയാല്‍ തന്നെ അധിക വിലയും . ഞന്‍ ഈ മാന്യ വ്യക്തിയോടു ഒരു ഉപദേശം കൊടുത്തു കൊന്നപ്പൂ ഉണ്ടേല്‍ പണം ഇഷ്ടം പോലെ ഉണ്ടക്കാം എന്നു. അവന്‍ എവിടേയൊക്കെയൊ നിന്നു കൊന്നപ്പൂ സം ഘടിപ്പിച്ചു. ഒരു കുല പൂവിനു പത്തും പതിനഞ്ചും ഒക്കെ വാങ്ങി കച്ചവടം പൊടിപൊടിച്ചു.

ഉത്തിഷ്ട കാര്യത്തിനുപകാരസ്മരണ എന്ന പോലെ ഗ്രീന്‍ ലേബല്‍ ഒരു ബോട്ടില്‍ എനിക്കും . പക്ഷെ ആ പാവം അറിഞ്ഞില്ല പണി പുറകെ വരുന്നു എന്നതു. വിഷു കഴിഞ്ഞു, കൊന്നകള്‍ ഒന്നൊന്നായ് പൂത്തുലഞ്ഞു, ഇപ്പോള്‍ എവിടെയും കൊന്നപ്പൂക്കള്‍ . ഞാന്‍ ഗോയലിനോടുപറഞ്ഞു 27ം തീയ്യതി രാവിലെ കൊന്നപ്പൂ ഉണ്ടെങ്കില്‍ നല്ല കോളാണു എന്നു. അവന്ടെ മുഖം കൊന്നപ്പൂപോലെ വിരിഞ്ഞു. നേരം പുലര്ന്നപ്പോള്‍ ബ്രിജ്വിഹാര്‍ വാസികള്‍ അത്ഭുതപ്പെട്ടു. റോഡെല്ലാം മഞ്ഞപ്പട്ടണിഞ്ഞപോലെ , റോഡിന്ടെ ഇരുപുറവും പത്തിരുപതാള്‍ക്കാര്‍ കൊന്നപ്പൂവിന്ടെ ഓരോ കൂമ്പാരങ്ങളുമായി കുത്തിയിരിക്കുന്നു. പിറ്റേന്നു നാട്ടില്‍ പോകേണ്ടഞാന്‍ നേരത്തെ പെട്ടീ തയ്യാറാക്കി ഒരോട്ടൊ പിടീച്ചു ദില്‍ഷാദ് ഗാര്‍ഡനില്‍ ഒരു സുഹ്രുത്തിന്ടെ വീട്ടില്‍ അഭയാര്ദ്ധിയായി. പാവം ഗോയല്‍ കൂലിക്കാളിനെ വിളിച്ചു രാത്രിമുഴുവന്‍ ദില്ലിയുടെയും പരിസരപ്രദേശങ്ങളിലെയും കൊന്നപ്പൂക്കള്‍ ശേഖരിക്കും എന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. ഉച്ചവരെ പാവം ക്ഷമിച്ചു. പലരുടെയും ചിരി പന്തിയല്ല എന്നു തോന്നിയ ഗോയല്‍ എന്നെ പലടത്തും തിരക്കി എന്നു ഞാനറിഞ്ഞു. ബ്രിജ്വിഹാര്‍ അയ്യപ്പാ കാത്തുരക്ഷിക്കണെ എന്നു പ്രാര്ദ്ധിച്ചുകൊണ്ടു ഞാന്‍ കേരള എക്സ്പ്രസില്‍ നാട്ടിലേക്കു തിരിച്ചു.

27 October 2009

വാളുചരിതം (നര്‍മ്മം )


കുഞ്ഞുന്നാളില്‍ ഒരു വാളെ എനിക്കറീയാമയിരുന്നുള്ളു, അപ്പൂപ്പന്‍ പ്രത്യേക പൂജകളും വെള്ളം കുടിയും മറ്റുമുള്ളപ്പോള്‍ പൂജാമുറിയില്‍ നിന്നും പുറത്തെടൂക്കുന്ന സ്വര്‍ണ്ണനിറത്തില്‍ പിടിയുള്ള എടുത്താല്‍ പൊങ്ങാത്ത ആ വാള്‍ .


സ്കൂളും കോളേജും ഒക്കെ കഴിഞ്ഞു പ്രേമനൈരാശ്യത്താല്‍ ഡില്ലിക്കു വണ്ടികയറാന്‍ തീരുമാനിച്ചു. കണ്ണനും രാജേഷും പാര്‍ട്ടി എന്നു പറഞ്ഞപ്പോള്‍ ഷെയിക്കന്‍ തന്നെ ശരണം എന്നു കരുതി ഓരോ ഗ്ലാസ് വാറ്റു വാങ്ങാന്‍ പമ്പുവെച്ചിരുന്ന ആഷെഡ്ഡിലേക്കു കയറുമ്പോള്‍ കൈയ്യിലുള്ള 200 രൂപയില്‍ കാര്യങ്ങള്‍ തീരണെ എന്നേ കരുതിയുള്ളു. ഓരോ ഗ്ലാസ് തരുമ്പോള്‍ ഷെയ്ക്കന്‍ സ്നേഹത്തോടെ പറഞ്ഞു, കുഞ്ഞെ ഇതു മറ്റവന്‍ അല്ല സാധനം സ്റ്റ്രോങ്ങ് ആണു എന്നു. ആരു കേള്‍ക്കാന്‍ . ഈരണ്ടു ഗ്ലാസ് അകത്തായപ്പോള്‍ എന്തൊരു ഉന്മേഷം ഓരോന്നുകൂടി കഴിക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല. ഞാന്‍ കണ്ണനോടു ഇങ്ങനെ പറഞ്ഞു ' കണ്ണാ നാളെ എര്‍ണാകുളത്തു നിന്നുമാണു എന്ടെ ട്രയിന്‍ , നീയും രാജേഷും കൂടെ വരണം ' 'ഓക്കെ' എന്നു പറഞ്ഞു എല്ലാവരും പിരിഞ്ഞു. ടോര്‍ച്ചില്ലാത്തതിനാല്‍ കണ്ണനെ ഞാന്‍ മുള്ളുവേലികടത്തി(എന്നാണോര്‍ മ്മ) അവന്ടെ വീട്ടിലേക്കു വിട്ടു. രാജേഷിനെ പടയണി കളരിയുടെ അടുത്തും കൊണ്ടുവിട്ടു. ഞാനും പാമ്പായി ഒരുവിധം മാളത്തില്‍ എത്തി. രാവിലെ കുളിച്ച് പുതുക്കുളങ്ങര ദേവിയെ തൊഴുതു ഇവിടെ ചെയ്ത പാപങ്ങളുടെ പലിശപോലും അടക്കാനില്ല പൊറുക്കണെ എന്നു പറഞ്ഞു, ഒപ്പം അന്യനാട്ടില്‍ ഒരു ചെറിയ സപ്പോര്‍ട്ടു തരണെ എന്നും പ്രാര്‍ദ്ധിച്ചു തിരിച്ചു വീട്ടില്‍ എത്തി. അഛനും അമ്മയും എനിക്കു കൊണ്ടുപോകാന്‍ അച്ചാര്‍ സമ്മന്തിപ്പൊടി പിന്നെ കുറെ എന്തൊക്കെയൊ പൊടികള്‍ ഒക്കെ തയ്യറാക്കി വെച്ചിരിക്കുന്നു. 10 മണിയായിട്ടും പറഞ്ഞ രണ്ടു വ്യക്തികളും എത്തിച്ചേര്‍ന്നില്ല. ആദ്യം ഞാന്‍ കണ്ണനെ തിരക്കിപ്പോയി. അവന്‍ വീട്ടില്‍ എത്തിയിട്ടില്ലപോലും , തുളസിചേച്ചി അങ്ങനെ പറഞ്ഞപ്പോള്‍ എന്ടെ ഉള്ളൊന്നു പിടഞ്ഞു, ഈശ്വര ഇന്നലെ അവനെ ഞാന്‍ കൊണ്ടൂവിട്ടതാണല്ലൊ, "എടാ മോനെ നിന്ടടുത്തോട്ടാണല്ലൊ അവന്‍ ഇന്നലെ പോയതു, പിന്നെവിടെ പോകാനാണു" എന്ന തുളസിച്ചേച്ചിയുടെ വാക്കുകള്‍ എന്നെ ഒന്നു ഭയപ്പെടുത്താതിരുന്നില്ല. ഞാന്‍ ഒന്നും പറയാതെ ആ മുള്ളുവേലി ലക്ഷ്യമാക്കി നടന്നു, അല്ല ഓടി. അതാ നാണുവും മറ്റാരൊക്കെയൊ അവിടെ കൂടിനില്‍ ക്കുന്നു, ആരോ പറയുന്നു ഒരു പാമ്പു വാളുവെച്ചുകിടക്കുന്നു എന്നു. ഞാന്‍ ഒന്നു നോക്കി, അതവന്‍ തന്നെ, കണ്ണന്‍ പാമ്പു വാളില്‍ കുളിച്ചുറങ്ങുന്നു. ഒരുവിധം അവനെ പൊക്കി വീട്ടില്‍ എത്തിച്ചു, എല്ലാവരും പരിഭ്രമിച്ചു എങ്കിലും കള്ളുകുടിയില്‍ ബിരുദം എടുത്ത അവന്ടെ അഛന്‍ കരുണന്‍ ചേട്ടന്ടെ ഒറ്റമൂലിപ്രയോഗം അവനെ ഉഷാറക്കി(തൈരു കുടിപ്പിച്ചു, അല്ലാതെന്തു ഒറ്റമൂലി). ഇനിയും ഇവനെം കൊണ്ടു പോയാല്‍ നാളെ വേറെ ടിക്കറ്റ് എടുക്കണ്ടിവരും ദില്ലിക്കുപോകാന്‍ എന്ന വിചാരം അവനെ ഉപേക്ഷിച്ചു രാജേഷിനെ തിരഞ്ഞു പോകാന്‍ എന്നെ പ്രേരിപ്പിച്ചു. അവിടുത്തെ സ്തിതി ഇത്ര ശോചനീയം അല്ലായിരുന്നു. ചൂലുമായി നില്‍ക്കുന്ന ദാക്ഷായണിചേച്ചിയെ കണ്ടപ്പോഴെ എനിക്കു മനസിലായി ഇതു രാജേഷിന്ടെ എന്തൊ കലാപരിപാടിയുടെ പ്രകോപനം ആണു എന്നു. മോനെ ചായ എടുക്കട്ടെ എന്നു സ്നേഹത്തൊടു ചോദിച്ചിരുന്ന ആ അമ്മ എന്നെ പറയാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്ന കണ്ടപ്പോള്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ ട്ടിന്ടെ ഒരു നിഘണ്ടു കൂടി കൊണ്ടുവരണ്ടതാരുന്നു എന്നു ഞാന്‍ ഓര്‍ക്കാതിരുന്നില്ല. വിശദമായി ചോദിച്ചപ്പോള്‍ ഒന്നു മനസിലായി, രാജേഷ് എന്ന മഹാനും ഇന്നാണു വീടെത്തിയതു ക്ഷമിക്കണം വീടെത്തിച്ചതു. തലേന്നു പടയണീ കളരിയുടെ അടുത്തെത്തിച്ചു എന്നു ഞാന്‍ പറഞ്ഞിരുന്നുവല്ലൊ, അവിടെത്തന്നെ ആ പാമ്പു സുഖമായുറങ്ങി. രാവിലെ കളരിയില്‍ തൂത്തുവാരാന്‍ വന്ന ദാക്ഷായണിചേച്ചി വാളില്‍ കുളിച്ച മോനെ കണ്ടു ഇവനെ മാടനടിച്ചോ ഭഗവതീ എന്നു നെഞ്ചത്തടിച്ചു കരയുന്ന കേട്ടു , വാറ്റില്‍ ബിരുദാനന്തര ബിരുദമെടുത്ത രാമചന്ദ്ര പണിക്കര്‍ സ്വന്തം മോനെ തന്തക്കുവിളിച്ചുകൊണ്ടുഎന്തൊക്കെയോ പറഞ്ഞതു ഷേക്കന്ടെ ഷോക്കില്‍ കിടന്ന രാജേഷ് അറിഞ്ഞതേ ഇല്ല. എന്തായാലും  ഇനി ഒറ്റക്കു പോകാം എന്നു കരുതി എല്ലാം ഭദ്രമായി കെട്ടിയപ്പോള്‍ ഒരു മാന്യ വ്യക്തി ഒരു ചെറിയ ചക്കയുമായി അവിടെയെത്തി, ഇന്നുവരെ എന്നെ കണ്ടാല്‍ ചിരിക്കാന്‍ പോലും മടീക്കുന്ന ആ വ്യക്തി എലി പുന്നെല്ലു കണ്ടപോലെ ചിരിക്കുന്നകണ്ടപ്പോള്‍ ഞാന്‍ കരുതി ഈ ശല്യം പോകുന്നതിലുള്ള ആശ്വാസം കൊണ്ടാണു എന്നു (ഞാന്‍ അദ്ദേഹത്തിന്ടെ മോളെ മറ്റൊരുവിചാരത്തില്‍ നോക്കിയിട്ടില്ല കേട്ടോ, അതാരൊ പറഞ്ഞുണ്ടാക്കിയതാണു) ചക്ക താങ്ങിയുള്ള ആ നില്‍ പ്പു കണ്ടപ്പോള്‍ അമ്മ പറഞ്ഞു 'കൊച്ചാട്ടാ ചക്ക ഇവിടെ ഇഷ്ടം പോലെ ഉണ്ട് എന്തിന വെറുതെ കൊണ്ടുവന്നതു' അതിന്ടെ മറൂപടി കേട്ട ഞാന്‍ ഞെട്ടിപ്പോയി, ചക്ക അങ്ങേരുടെ മോനു ദില്ലിയില്‍ കൊടുത്തുവിടാന്‍ ആണു പോലും , ഞാന്‍ ആദ്യമായി പോകുവല്ലെ സാധനം ഒന്നും കാണില്ലല്ലോ അതുകൊണ്ടിതുക്കുടി കൊണ്ടൂപോകാന്‍ ബുദ്ധുമുട്ടില്ലല്ലൊ എന്ന് ആ മാന്യന്‍ പറഞ്ഞുതീരും മുന്‍പു അഛന്‍ ഇടപെട്ടു, പറഞ്ഞ ചിലവാക്കുകള്‍ മാന്യ വായനക്കാര്‍ക്കു വിഷമം ഉണ്ടാക്കും എന്നു കരുതി ഞാന്‍ ഒഴിവാക്കുന്നു. എന്തായാലും ചക്കയില്ലാതെതന്നെ ഞാന്‍ യാത്ര തിരിച്ചു. പറയാന്‍ മറന്നു കണ്ണന്‍ ഉഷാറായി എത്തിച്ചേര്‍ന്നു. എര്‍ ണാകുളത്തു മം ഗളയില്‍ കയറി തനിക്കുള്ള സീറ്റില്‍ ഇരുന്നപ്പോള്‍ കണ്ണന്‍ സ്നേഹത്തോടെ ഒരു പൊതി എനിക്കു തന്നു, ഞാന്‍ ചോദിച്ചു 'എന്താ കണ്ണാ ഇതു' അവന്‍ വിനയത്തോടെ പറഞ്ഞു ഷേക്കനോടു മേടിച്ചതാ, അരക്കുപ്പിയേ ഉള്ളു എന്നു, നിനക്കു വഴിയില്‍ ഉപകരിക്കും !! ഞാന്‍ കണ്ണുതള്ളി ഇരുന്നുപോയി