01 March 2011

ഏപ്രില്‍ ഫൂള്‍ (കഥ)






എന്ടെ ഗ്രാമപ്രദേശത്തെക്കുറിച്ചു ഞാന്‍ പലപ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ഒരു കലാപമുണ്ടാക്കിയ ഏപ്രില്‍ ഫൂള്‍ കഥ ഇവിടെ പറയാം :

മാര്‍ച്ചുമാസം പടിയിറങ്ങുവാന്‍ മണിക്കൂറുകള്‍ എണ്ണിത്തുടങ്ങി. ഹരിയാണു തുടക്കമിട്ടതു. ആരെ ഫൂളാക്കും . തലേദിവസം സിഗററ്റ് കടം തരാതിരുന്ന വാസുദേവന്‍ , ചേങ്ങന്നൂര്‍ വരെ പോകാന്‍ ബൈക്കു തരാതിരുന്ന ബൈജു, 3 രൂപാ കൊടുക്കാന്‍ കുടിശികയുള്ളതുകൊണ്ടു വായനശാലയില്‍ പരിഹാസശരം തൊടുത്തുവിട്ട രഘുവരന്‍ അങ്ങനെ പലരും ലിസ്റ്റില്‍ ഉണ്ടു, ആര്‍ക്കു പണികൊടുക്കും എന്നു തീരുമാനമാകതെവന്നപ്പോള്‍ ഹരിതന്നെ അതും പറഞ്ഞു, കണ്ണങ്ങാട്ടിലെ ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ ഇത്തിരി ആളാകാന്‍ തുടങ്ങിയിട്ടു കുറച്ചുനാളായി, അയാള്‍ക്കു ഒരു പണി കൊടുക്കാം എന്നു പറഞ്ഞു രാത്രി 12 മണിക്കു കാണാം എന്ന ഉറപ്പില്‍ സഭ പിരിഞ്ഞു. ഒരു ക്രൂരമായ തീരുമാനമാണു ചെറൂപ്പത്തിന്ടെ ചോരത്തിളപ്പില്‍ അവര്‍ എടുത്തതു. യാക്കോബാ പള്ളിയില്‍ നിന്നും ഒരു റീത്ത് എടുത്തുകോണ്ടൂവരാന്‍ പോയ സണ്ണി നാലു റീത്തുമായി മടങ്ങിയെത്തുമെന്നു ആരും കരുതിയില്ല. ഒരു പഴയ ഊന്നുവടി, ഒരു കണ്ണട, ഒരു മുണ്ടും ഒപ്പം നേര്യതും എല്ലാം ആരെല്ലാമൊ എത്തിച്ചു. കാര്യങ്ങള്‍ അതിരുവിടുകായാണെന്നു ഹരിക്കു തോന്നി എങ്കിലും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ത. നിമിഷനേരം കൊണ്ടു ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ രൂപം കൊണ്ടു. കുടവയര്‍ എത്ര ക്രുത്യം എന്നു തോന്നിപ്പോയി. അവസാനം ആ റീത്തു സമര്‍പ്പണവും നടന്നു. ആരും സഹിക്കാത്ത ആ തമാശ ഭാര്‍ഗ്ഗവന്‍ ചേട്ടന്ടെ മുറ്റത്താണു എന്നതാണു അസഹനീയം . വിജയന്‍ ഒരു ചന്ദനത്തിരി കത്തിച്ചുവെച്ചതു കണ്ടില്ല എന്നു നടിക്കാനെ ഹരിക്കായുള്ളു. ഹരിക്കു ഭാര്‍ഗ്ഗവന്‍ ചേട്ടനോടു തീര്‍ത്താല്‍ തീരാത്ത പകയൊന്നുമില്ലായിരുന്നു. ഒരു ചെറിയ പ്രശ്നം - ഓതറ എന്‍ എസ് എസ് സ്കൂളില്‍ ടി ടി സി ക്കുവന്ന കോഴിക്കോട്ടൂകാരി അംബിക ഭാര്‍ഗ്ഗവന്‍ ചേട്ടന്ടെ വീട്ടില്‍ ആണു താമസിച്ചിരുന്നതു, അവളുമായി ചില അരുതാത്ത ബന്ധങ്ങള്‍ ഹരിക്കുണ്ടായിരുന്നതു ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ കണ്ടൂപിടിച്ചു. അറിയാവുന്ന കുടുംബത്തിലേതായതുകൊണ്ടാവാം ഒന്നു ഗുണദോഷിച്ചു. അതിന്ടെ പക ഇങ്ങനെ വേണ്ടായിരുന്നു എന്നു ഹരിചിന്തിച്ചുകൊണ്ടു നടന്നു.
നേരം പുലര്‍ന്നു. ആ വാര്‍ത്ത നാടെങ്ങും പരന്നു, ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ മരിച്ചു. എല്ലാവരും ഞെട്ടി, ചിലര്‍ പറഞ്ഞു ഞാന്‍ ഇന്നലെയും കണ്ടതാണല്ലൊ, ചിലര്‍ തത്വചിന്തകരായി മനുഷ്യന്ടെ കാര്യം ഇത്രയേ ഉള്ളു എന്നും മറ്റും ചിലര്‍ , ഹരിയും കൂട്ടരും കരുതി തങ്ങള്‍ കാട്ടിയ തമാശ ആള്‍ക്കാര്‍ക്കു മനസിലായില്ല എന്നു. പക്ഷെ അച്ചുതന്‍ പറഞ്ഞ ആ വാര്‍ത്തകേട്ട് ഞങ്ങള്‍ അന്തം വിട്ടിരുന്നു.മുറ്റത്തു ഫൂളാക്കാന്‍ വേണ്ടി ഞങ്ങള്‍ ഭാര്‍ഗ്ഗവന്‍ ചേട്ടനെ ഉണ്ടാക്കുമ്പോള്‍ അകത്തു മരണത്തോടു മല്ലടിക്കുകയായിരുന്നു ഭര്‍ഗ്ഗവന്‍ ചേട്ടന്‍ . അദ്ദേഹം മരിച്ചു എന്നതു ഞങ്ങള്ക്കൊരു ഷോക്ക് ആയിരുന്നു. അവസാനമായി അദ്ദേഹത്തെ കാണാനെത്തിയ ആള്‍ക്കാരുടെയും ബന്ധുക്കളുടെയും എല്ലാം നോട്ടം ആ റീത്തുമായി കിടക്കുന്ന ഭാര്‍ഗ്ഗവന്‍ ചേട്ടനിലും എത്താതിരുന്നില്ല. അവര്‍ ഉരുവിട്ട ശാപവാക്കുകള്‍ ഞങ്ങളുടെ ഉറക്കം കുറച്ചുനാള്‍ നഷ്ടപ്പെടുത്തി.
ശവദാഹത്തിനുശേഷം എന്‍ എസ് എസ് ഭാരവാഹികള്‍ പരസ്പരം നടത്തിയ ചര്‍ച്ചയില്‍ അവര്‍ മനസിലാക്കി ആരാണു ഈ രൂപം ഉണ്ടാക്കിയതു എന്നു. അങ്ങനെ അടുത്ത വീട്ടിലെ കോശി എല്ലാവരുടെയും കണ്ണിലെ കരടായി. താന്‍ അന്നു ഇടനാട്ടില്‍ ഭാര്യവീട്ടില്‍ ആയിരുന്നു എന്നു കോശി പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും കോശിയുടെ ഭാര്യ പറഞ്ഞ വാക്കുകള്‍ 'അച്ചായന്‍ ഇന്നലെ അവിടെ വന്നില്ല' എന്നായിരുന്നു, ഹരി രഹസ്യമായി കോശിയോടു ചോദിച്ചു കോശി താന്‍ ഇങ്ങനെ അയല്‍വക്കത്തിരുന്നുകൊണ്ടു ഇതു എന്തിനു കാണിച്ചു എന്നു. കോശി പറഞ്ഞു എടൊ ഹരി താനെങ്കിലും വിശ്വസിക്കു, 'ഞാന്‍ ഇന്നലെ ഇടനാട്ടില്‍ പെണ്ണുമ്പിള്ളെ കാണാന്‍ ഇറങ്ങിയതാണു, പക്ഷെ വഴിയില്‍ വെച്ചു ശാന്തേ കണ്ടു (ശാന്ത ആരാ മോള്‍ അവള്‍ വിടൂമൊ-ഹരി മനസില്‍ പറഞ്ഞു) ഇത്തിരി പട്ട അടിക്കാം എന്നു കരുതി കേറിയതാണു, രവിലേ മാത്രമേ തിരിച്ചു പോറാന്‍ പറ്റിയുള്ളു. ഹരി ഉള്ളില്‍ ചിരിച്ചു. കുറ്റമെല്ലാം ആ പാവത്തിന്ടേ തലയിലായല്ലൊ എന്നു ആശ്വസിച്ചു ഒപ്പം മനസ്സില്‍ ഉപകാരസ്മരണയായി ശാന്തക്കു ഒരു മെഴുകുതിരി, അല്ലേല്‍ വേണ്ട ഒരു മെഴുകില്ലാത്ത തിരി കത്തിച്ചു. ഇന്നു കോശിയുടെ മുറുക്കാന്‍ കട ചിതല്‍ കയറി നില്‍ ക്കുന്നു. ഭാര്യ പിടിച്ച പിടിയാല്‍ ഇടനാട്ടിലേക്കു കോശിയെ കുടിയേറ്റി. അങ്ങനെ ഒരു ഭൂകമ്പം ഒഴിവായി. (വായനക്കാര്‍ ഒരു കഥയായി മാത്രമേ ഇതിനെ കാണാവു, കോശിക്കു കമ്പ്യട്ടര്‍ പരിജ്ഞാനം ഇല്ലാത്തതിനാല്‍ ഞാന്‍ അടുത്ത അവധിക്കു നാട്ടില്‍ നിന്നും സുഖമായി തിരിച്ചെത്തും എന്നു വിശ്വസിക്കുന്നു)



No comments:

Post a Comment